Friday, May 15, 2009

ലിബറലുകളെ മാനഭംഗപ്പെടുത്തേണ്ടതെന്തിനു?

സാമൂഹ്യ-പ്രതീകാത്മക വ്യൂഹത്തിൽ കിടക്കുന്ന തിന്മയെ ഒരു ശരീരത്തിലേക്കു കൊണ്ടു വന്നു അതിനു ബദൽ അന്വേഷിച്ചു സ്വയം വിശുദ്ധരാകുന്ന പുണ്യവാളന്മാരോടുള്ള യുദ്ധം നാം തുടരേണ്ടിയിരിക്കുന്നു. ഇവിടെയും നമ്മുടെ സൈദ്ധാന്തിക ശത്രുക്കൾ പഴയവർ തന്നെ: ഇടതും വലതും ആയ ലിബറലുകൾ, തറവാടി നോൺ-തറവാടി ഫെമിനിസ്റ്റുകൾ, സദാചാര വ്യാപാരികൾ, എല്ലാ നിറത്തിലും മണത്തിലും ഗുണത്തിലും ഉള്ള സ്വയം-പ്രഖ്യാപിത രക്ഷിതാക്കൾ.

സന്തോഷ്‌ മാധവൻ എന്ന ഉത്തരാധുനിക ആത്മീയ വ്യാപാരിയിലൂടെ നമുക്കു തുടങ്ങാം. പണം തട്ടിച്ചു എന്നുള്ളതാണു അദ്ദേഹത്തിനും അദ്ദേഹത്തിനെ പോലുള്ള മറ്റു ആത്മീയ വ്യാപാരികൾക്കും എതിരായ പ്രധാന ആരോപണം. പക്ഷെ പണം തട്ടിക്കപെടുവാനായി സ്വയം നിന്നു കൊടുത്തവർക്കു ഇതിൽ ബാധ്യത ഒന്നുമില്ലേ? പൈസ എറിഞ്ഞു പൈസ വാരാം എന്നു മാർക്കറ്റിൽ അന്തർലീനമായിരിക്കുന്ന ഒരു സാമൂഹ്യ തിന്മയെ സമർത്ഥമായി ചൂഷണം ചെയ്യുക മാത്രമല്ലേ, സ്മാർട്ടനും പിന്നീട്‌ സ്മാർത്തനും ആയ സ്വാമി ചെയ്തതു?

വെറുതെ ഒരു മാറ്റത്തിനുവേണ്ടി ഞാൻ എന്റെ ഹേഗേലിയൻ-ലെകാനിയൻ സൈദ്ധാന്തിക ചട്ടക്കൂടു മാറ്റിവക്കുവാൻ തയ്യാറാണു. പകരം നമുക്കു, പൊളിറ്റിക്കലി കറക്റ്റ്‌ ആയ മിഡിൽക്ലാസ്‌ ഇനിയും അഭിമുഖീകരിക്കുവാൻ തയ്യാറകത്ത അനതിസാധാരണനായ ഒരു ഫിലോസഫറുടെ ഒരു നിരീക്ഷണത്തിലൂടെ കടന്നു പോകാം. 24മത്തെ വയസ്സിൽ സത്യത്തിന്റെ അസഹനീയമായ ഭാരം താങ്ങുവാൻ ആകാതെ സ്വയം മരണത്തിനു കീഴടങ്ങുംബോൾ, ഓട്ടോ വെയ്നിങ്ങർ (Otto Weininger) എന്ന ജർമ്മൻ ഫിലോസഫർ അദ്ദേഹത്തിനെ ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ വിദ്വേഷി എന്നു വിലയിരുത്താവുന്ന വിധം ചില നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ 'Sex and Character' എന്ന പുസ്തകത്തിൽ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സ്ത്രീ പുരുഷന്റെ പാപം ആണു (Woman is the sin of man). കാര്യത്തേയും കാരണത്തേയും തിരിച്ചിടുന്ന അസാധാരണ യുക്തിയാണു ഇതു. സാധാരണ നമ്മൾ തിരിച്ചാണു കേട്ടിട്ടുള്ളതു. ഹവ്വയാണു ആദമിന്റെ വീഴ്ച്ചക്കു കാരണം, അല്ലങ്കിൽ മേനക വിശ്വാമിത്രന്റെ തപസ്സിളക്കി, എന്നിങ്ങനെ. എന്നാൽ, വെയ്നിങ്ങറുടെ യുക്തി പിൻതുടർന്നാൽ , വിശ്വാമിത്രൻ സ്വയം തപസ്സിൽനിന്നും വ്യതിചലിച്ചതിനാലാണു മേനക എന്ന മാദക നർത്തകിയെ കണ്ടതു എന്നു മനസ്സിലാക്കാം. വിശ്വാമിത്രൻ പൂർണ്ണമായും തപസ്സിൽ മനസ്സു കേന്ദ്രീകരിക്കുകയായിരുന്നുവെൻകിൽ, അദ്ദേഹം ഒരിക്കലും മേനകയെ കാണില്ലായിരുന്നു.മേനക വിശ്വാമിത്രനെ വീഴിച്ചതല്ല; വിശ്വാമിത്രൻ വീണതു കൊണ്ടു മേനകയെ കണ്ടു എന്നു മാത്രം. വിശ്വാമിത്രന്റെ വീഴ്ച്ച അഥവാ വിശ്വാമിത്രൻ ചെയ്ത പാപം എന്താണെന്നു വെച്ചാൽ, പുരുഷനു ജന്മസിദ്ധമായി ലഭിച്ച സത്യം അന്വേഷിക്കുവാനുള്ള 'ആത്മീയ മനോഭാവം'--ആദമിന്റെ കാര്യത്തിൽ, ദൈവസത്ത്യത്തെ ധിക്കരിക്കാതിരിക്കുവാനുള്ള 'ആത്മീയ മനോഭാവം'-- വെടിഞ്ഞു, സ്വയം സെക്ഷ്വൽ ആയി മാറി എന്നതാണു. ആ പാപം നിമിത്തമാണു മേനക എന്ന സ്ത്രീ പുരുഷന്റെ കണ്ണിൽ മാദക സുന്ദരി ആയി ജനിക്കുന്നതു. അതുകൊണ്ടാണു, വെയ്നിങ്ങറുടെ കണ്ണുകളിൽ, സ്ത്രീ പുരുഷന്റെ പാപം ആകുന്നതു.

സന്തോഷ്‌ മാധവന്മാരെപ്പോ‍ൂള്ളവർ സ്രിഷ്ടിക്കുന്നതാണു സാമൂഹ്യ തിന്മ എന്നണു നാം മനസ്സിലാക്കിയിരുന്നതു, ഇതു വരേയും. കാര്യവും കാരണവും വെയ്നിങ്ങർ രീതിയിൽ തിരിച്ചിടേണ്ടിയിരിക്കുന്നു: ഭൗതികനേട്ടങ്ങൽ എളുപ്പത്തിൽ ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയും (ലിബറൽ ഡെമോക്രസി) ഭൗതിക സംബത്താണു വിമോചനം എന്ന പ്രത്യയശാസ്ത്രവും ചേർന്നു നിർമ്മിക്കുന്ന സാമൂഹ്യ തിന്മയാണു സന്തോഷ്‌ മാധവന്മാരെ സ്രിഷ്ടിക്കുന്നതു.

നമുക്കു വീണ്ടും വെയ്നിങ്ങറെ ആവശ്യമുണ്ടു. പണ്ടത്തേതുപോലെ, പണം മൻഷ്യനെ നശിപ്പിക്കുന്നു എന്നല്ല നാം പറയേണ്ടതു; മറിച്ചു, മനുഷ്യൻ നശിച്ചപ്പോൽ (അതായത്‌, മ്രിഗമല്ലാതായപ്പോൾ)പണമുണ്ടായി എന്നാണു നാം പറയേണ്ടതു. മ്രിഗങ്ങൾക്കു പണത്തിന്റെ ആവശ്യമില്ലല്ലോ. വീണ്ടും വെയ്നിങ്ങർ, മനുഷ്യൻ നശിച്ചാൽ മ്രിഗമായി എന്നല്ല, മ്രിഗം നശിച്ചാൽ മനുഷ്യനായി എന്നാണു നാം പറയേണ്ടതു.

അവിടെയാണു 'മൂലധന'ത്തിൽ മാർക്സ്‌ ഉപയോഗിച്ചിരിക്കുന്ന "മൂലധനത്തിന്റെ പരിധി മൂലധനമാണു" എന്ന അതിസുന്ദരമായ വാചകത്തിന്റെ പ്രസക്തി. മൂലധനത്തിന്റെ പരിധി മൂലധനമാണെങ്കിൽ, മൂലധനത്തിന്റെ പരിധി മറികടക്കുവാനുള്ള എല്ലാ ശ്രമങ്ങളും, മൂലധനത്തിന്റെ ആണെന്നല്ലേ മാർക്സിന്റെ വിവക്ഷ? ആ അർത്ഥത്തിൽ, ക്യാപിറ്റലിസ്റ്റ്‌ മോഡ്‌ ഓഫ്‌ ലൈഫ്‌ മറികടക്കുവാനുള്ള എല്ലാ ശ്രമങ്ങളും, അവസാന വിശകലനത്തിൽ, ക്യാപിറ്റലിസത്തിന്റെ സ്പോൺസേഡ്‌ പ്രോഗ്രാം അല്ലേ?

ചുരുക്കത്തിൽ, നമ്മൾ വീണ്ടും മ്രിഗം ആയാൽ മാത്രമേ (ആകാശത്തിലെ പറവകളെപ്പോലേ, വിതക്കാതെ, കൊയ്യാതെ) നമുക്കു ക്യാപിറ്റൽ എന്ന സാമൂഹ്യ തിന്മയിൽ നിന്നും മോചനം ഉള്ളൂ. അതു ഒരിക്കലും (അതായതു, വീണ്ടും മ്രിഗം ആവുക എന്നതു) മൂലധനത്തിനു സാധിച്ചു തരുവാനും കഴിയില്ല. ലിബറൽ മാർക്ക്സിസ്റ്റുകൾ എന്നു വിശേഷിപ്പിക്കവുന്ന ബുദ്ധൊ ബാബു മുതൽ പ്രകാഷ്‌ കാരാട്ട്‌ വരെയുള്ളവർക്കും, അൽ ഗോർ മുതൽ സീ. ആർ. നീലകണ്ഠൻ വരെ നീണ്ടു കിടക്കുന്ന വ്യത്യസ്ഥ ജനുസ്സു പ്രക്രിതിസ്നേഹികൾക്കും ഇതൊരു നല്ല പാഠമാണു.

പാവപെട്ട വീട്ടിലെ പെൺകുട്ടികളെ വലവീശിപ്പിടിച്ചു സന്തോഷ്‌ മാധവൻ അവരെ ലൈംഗികമായി പീഡിപ്പിച്ചു എന്നു കുറ്റപ്പെടുത്തി ആ/സ്വാമിയെ തുറുങ്കിലടച്ചു 'ആത്മനിർവ്രിതി' അടയുന്നതിലും ഉണ്ടു ഒരു ഹിപോകൃറ്റിക്കൽ മിഡിൽക്ലാസ്‌ തട്ടിപ്പു അഥവാ തിന്മയേ പ്രതേയ്ക ശരീരത്തിലേക്കു കൊണ്ടു വരുന്ന ലിബറൽ കലാപരിപാടി. ഈ തട്ടിപ്പു കാഴ്ച്ചയിൽ, കുറ്റകാരൻ സ്വാമിയും ഇരകൾ പാവപെട്ട വീട്ടിലെ ജീവിതവൃത്തിക്കു ശേഷിയില്ലാത്ത പെൺകുട്ടികളും ആണു. മന്ത്രി ജി. സുധാകരൻ സൈദ്ധാന്തിക നേതൃത്വം നൽകുന്ന ഇത്തരം ലിബറൽ സദാചാരവാദത്തിന്റെ പരിഹാരം വളരെ സിംബിൾ ആണു: "കള്ള സ്വാമിമാരെ തുറുങ്കിലടക്കുക." വേണമെങ്കിൽ പാവപെട്ട പെൺകുട്ടികൾക്കായി ഗവൺമന്റിനു ഒരു പദ്ധതിയും തുടങ്ങാം: അവരിൽ രണ്ടു ഡോസ്‌ മാത്യൂ വെല്ലൂർ സൈകോളജി ഇഞ്ചക്റ്റ്‌ ചെയ്യുകയോ അവർക്കായി മനോരമ ച്യാച്ചി സരസ്വതിയമ്മയെകൊണ്ടു 'എങ്ങനെ നല്ല പെൺകുട്ടിയാകാം' എന്ന വിഷയത്തിൽ നാടുമുഴുവൻ സദാ/ചാര സെമിനാർ നടത്തിക്കുകയോ മറ്റോ. എല്ലാം ശരിയാകും.

മാത്രികാ ശിക്ഷ നൽകിയാൽ സമജാതി കുറ്റം തടയാം എന്ന ശിശുസഹജമായ നൈർമല്യമാണു ഇത്തരം സദാചാരവാദത്തിന്റെ സൈദ്ധാന്തിക അടിത്തറ. ശിക്ഷ കുറ്റം തടയാനുള്ളതാണെന്നുള്ള ഇവരുടെ നൈർമല്യം അംഗീകരിച്ചു കൊടുക്കുക. അപ്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു. ദൈവം നൽകിയ ആദ്യത്തെ ശിക്ഷയിലൂടെ തന്നെ ലോകത്തിലുള്ള എല്ലാ സാധ്യമായ സമജാതി കുറ്റങ്ങളും ഇല്ലാതാവേണ്ടതല്ലേ? എന്തുകൊണ്ടു കുറ്റങ്ങൾ ആവർത്തിക്കുന്നു?

സദാചാരവാദികൾ കണ്ണടച്ചു ഇരുട്ടാക്കുന്ന ഒരു വസ്തുത ഉണ്ടു: ഇവിടെ പീഡിപ്പിക്കപ്പെട്ടതു (ഒരു മെയിൽ ഷോവനിസ്റ്റ്‌ ആയ എനിക്കു പീഡനം എന്ന വാക്കും ആയി അടിസ്ഥാനപരമായി കലഹം ഉണ്ടു, എന്നാലും) പാവപെട്ടവീട്ടിലെ ജീവിതവ്രിത്യിക്കു വേറെ നിവൃത്തി ഇല്ലാത്ത പെൺകുട്ടികൾ ആണു, അല്ലാതെ പണമുള്ള വീട്ടിലെ പെൺകുട്ടികളല്ല എന്ന വസ്തുത. ഇതിനു സദാചാരവാദികൾക്കു മറുപടി ഒന്നുമില്ലേ? പ്രതികളെ തുറുങ്കിലടക്കുകയോ, കഥകളി പദം കേൾപ്പിക്കുകയോ, ഷേവ്‌ ചെയ്തു ചുട്ടി കുത്തിച്ചു റോഡിലൂടെ നടത്തുകയോ, എന്തു വേണമെങ്കിലും ആയിക്കൊള്ളൂ. പറ്റുമെകിൽ, ലിബറൽ രക്ഷിതാ‍ൂ ആ നിമിഷങ്ങളിൽ അനുഭവിക്കുന്ന 'ആത്മ രതി' മസിൽ ഫ്ലക്സ്‌ ചെയ്തു പുറത്തും വിട്ടു കൊള്ളൂ. പക്ഷെ 'ഇവിടെ പ്രശ്നം', സലിംകുമാറിന്റെ കഥാപാത്രം രാജമാണിക്യത്തിൽ പറയുന്നതു പോലെ, 'അതൊന്നുമല്ലല്ലോ'. പാവപെട്ടവീട്ടിലെ ജീവിക്കാൻ നിർവ്വാഹമില്ലാത്ത സ്ത്രീകളാണു പീഡിപ്പിക്കപ്പെടുന്നതെങ്കിൽ, നമ്മൾ ഉറപ്പാക്കേണ്ടതു ഇനി ഒരു പെൺകുട്ടിയും പാവപെട്ടവളായി, ജീവിക്കുവാൻ നിവൃത്തി ഇല്ലാത്തവളായി, ജനിക്കില്ല എന്നാണു. അല്ലാതെ അച്ചുമാമന്മാരും, അജിതമാരും, സുഗതകുമാരിമാരും രക്ഷിതാവുകളിച്ചു 'സ്വയം മഹാന്മാരായി' അവതരിച്ചു കൊണ്ടല്ല. മാർക്സിന്റെ പ്രത്യശാസ്ത്രത്തെക്കുറിച്ചുള്ള ആ കാലഹരണപ്പെട്ട നിർവ്വചനത്തിനു ("അവർക്കറിയില്ല അവരെന്താണു ചെയ്യുന്നതെന്നു") എന്തെങ്കിലും പ്രായോഗിക സാധ്യതയുണ്ടെങ്കിൽ, അതു രക്ഷിതാവു കളിക്കുന്നവരുടെ കാര്യത്തിൽ മാത്രമാണു, അവിടെ മാത്രമാണു.

കള്ള സ്വാമിമാരെ 'തുറുങ്കിലടച്ചു' നാം ആത്മരതി അനുഭവിക്കുംബോൾ മറച്ചുപിടിക്കുന്നതു ചില സ്ത്രീകൾ പാവപെട്ടവരായി ജനിക്കുന്ന ഈ സമൂഹ്യ വ്യവസ്ഥിതി നിലനിർത്തുന്നതിൽ നമ്മുടെ തന്നെ 'ലിബറൽ സംഭാവനയാണു'. കള്ള സ്വാമിമാരെ തുറുങ്കിലടക്കുക എന്നു പറയുന്നതു കയ്യടി വാങ്ങി തരും. അവരെ തുറുങ്കിലടച്ചാലും ഇല്ലങ്കിലും, ഇനിയും ചില സ്ത്രീകൾ പാവങ്ങൾ ആയി തന്നെ ജനിക്കും, ഈ ലിബറൽ ഡെമോക്രസിയിൽ. അതിനൊരു മാറ്റവും വരില്ല. കള്ള സ്വാമിമാരെ തുറുങ്കിലടക്കുവാൻ ആഹ്വാനം ചെയ്തു നമ്മുടെ ശ്രദ്ധ ഈ 'യഥാർത്ഥ പ്രശ്നത്തിൽ' നിന്നും 'വ്യാജ പ്രശ്നത്തിലേക്കു' തിരിച്ചുവിടുന്നതിന്റെ ഉത്തരവാദിത്തം മുഴുവൻ പ്രതികാരദാഹാർത്തരായ സദാചാരവാദികൾ ഏറ്റെടുത്തേ മതിയാവൂ.

സദാചാരവാദികളുമായി വന്യമായി ഇടയാൻ തന്നെയാണു എനിക്കു താൽപര്യം. അതുകൊണ്ടു തന്നെ വളരെ വന്യമായ ഒരു പുരുഷാധിപത്യ യുക്തി ഞാൻ പുറത്തു എടുക്കട്ടെ: ഒരു സ്ത്രീക്ക്‌ അവളുടെ സമ്മതം ഇല്ലാതെ പീഡിപ്പിക്കുന്ന ഒരു പുരുഷൻ നൽകുന്ന പീഡനത്തിനു തുല്യമോ അതിനു ഉപരിയായോ ഒരു വേദന സദാചാരഭൂമിക ആയുഷ്ക്കാല പാട്ടത്തിനെടുത്തിട്ടുള്ള മിഡിൽക്ലാസ്‌ ഹിപ്പോക്രിറ്റുകൾ നൽകുന്നുണ്ടു. ബലാത്സംഗം ചെയ്യപെടുന്ന പല ഇന്ത്യൻ സ്ത്രീകളും അനുഭവിക്കുന്നതു ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു മാനസിക ട്രോമ ആണു. എന്താണിതിനു കാരണം? താൻ 'മാനഭംഗ'പ്പെട്ടു എന്ന സദാചാരകാഴ്ച്ച ആ സ്ത്രീ ആതരവൽക്കരിച്ചതു കൊണ്ട്‌. ഒരു പക്കാ മെയിൽ ഷോവനിസ്റ്റ്‌ ആയ എന്നെ സംബന്ധിച്ചിടത്തോളം, ഒരു മാനഭംഗത്തിൽ 'മാനം' പോകുന്നതും, പോകേണ്ടതും, അതു ചെയ്യുന്ന പുരുഷനാണു, അല്ലാതെ, അതേറ്റു വങ്ങുന്ന സ്ത്രീക്കല്ല. എന്റെ കാഴ്ച്ച സാധ്യമാവണമെങ്കിൽ, നമ്മുടെ മീഡിയാ ഫെമിനിസ്റ്റുകളും, രക്ഷിതാക്കളും കാഴ്ച്ചയും ഭാഷയും ഒന്നും മാറ്റണമെന്നു മാത്രം! 'ബലാത്സംഗ പ്രശ്നം' അതു ചെയ്ത പുരുഷനു ശാരീരിക്കക്രമണത്തിനു അതിനർഹിക്കുന്ന ശിക്ഷ നൽകിയാൽ തീരുന്നതാണു, തീരേണ്ടതാണു (അത്തരം ശിക്ഷ നൽകപെടുന്നുണ്ടൊ, ബലാത്സംഗം സിവിൽ വ്യവഹാരമായോ ക്രിമിനൽ വ്യവഹാരമായോ പരിഗണിക്കേണ്ടത്‌, എന്നീ വളരെ മൗലികമായ ചോദ്യങ്ങൾ എന്റെ ലിബറൽ-വിരുദ്ധ തെറിവിളിയുടെ പരിധിയിലേക്കു കൊണ്ടുവരാൻ പറ്റില്ല, ക്ഷമിക്കണം).പക്ഷെ നമ്മുടെ സദാചാര കക്കൂസുകളിൽ നിന്നും ഇടതടവില്ലാതെ വരുന്ന സദാചാര മലം നിമിത്തം, ബലാത്സംഗം ചെയ്യപ്പെട്ട പല ഇന്ത്യൻ സ്ത്രീകളും താൻ 'നശിപ്പിക്കപ്പെട്ടു' എന്ന ബോധത്തോടെയാണു ഓരോ ദിവ്സവും തള്ളി നീക്കുന്നതു. അതാണു പീഡനത്തേക്കാൾ വലിയ പീഡനം. ഇതു വായിക്കുന്ന വിവാഹിതകളായ സ്ത്രീകൾ നെഞ്ചിൽ കൈ വച്ചു പറയാമോ, ഭർത്താവുമായുള്ള നിങ്ങളുടെ എല്ലാ ബന്ധപ്പെടലും നിങ്ങളുടെ സമ്മതത്തോടെ ആയിരുന്നൂ എന്നു? അല്ല എന്നാണു ഉത്തരം എങ്കിൽ, അത്തരം ശാരീരികാക്രമണത്തെ എന്തുകൊണ്ടു നാം 'മാനഭംഗം' ആയി രേഖപ്പെടുത്താത്തതു? ഇതു വരെ ഒരു ഇന്ത്യൻ പുരുഷനും ഭാര്യയെ ബലാത്സംഗം ചെയ്തതിന്റെ പേരിൽ കോടതി കയറിയിട്ടില്ല. ഇതാണൊ നമ്മുടെ ദേശസ്നേഹത്തിന്റെ കുത്തകാവകാശം കയ്യടക്കിയിരിക്കുന്ന സനാതനക്കാർ കൊട്ടിഘോഷിക്കുന്ന മഹത്തായ ഭാരതീയ പൈത്രുകം?

ചുരുക്കത്തിൽ, സദാചാരവാദികൾ പറയുന്നതിതാണു: പുരുഷനു സ്ത്രീയുടെ മുകളിൽ കയറി നിരങ്ങാം, പക്ഷെ വിവാഹം കഴിച്ചിരിക്കണം. ഒരേ 'സംഭവം' വിവാഹത്തിനകത്തും പുറത്തും എന്തുകൊണ്ടു രണ്ടു ഇഫക്റ്റ്‌ ഉണ്ടാക്കുന്നൂ? വിവാഹത്തിനകത്തു പല സ്ത്രീകളും മറക്കുവാൻ പരിശീലിച്ച ഒരു റൂറ്റീൻ സംഭവം; വിവാഹത്തിനു പുറത്തു സ്ത്രീകൾക്ക്‌ ഒരിക്കലും മറക്കുവാൻ പറ്റാത്ത ട്രോമ!

സ്കൂളിൽ പഠിക്കുന്ന കാലത്തു സഹപാഠി ഒരു കോംബസ്സുകൊണ്ടു മുറിവേൽപ്പിച്ചതു മറന്നതുപോലെ, മറക്കാനാകുമായിരുന്ന ഒരു സംഭവം, ജീവിതം ദുസ്സഹമായ ഒരു അനുഭവം ആക്കി മാറ്റുന്നതു, ഒരു ട്രോമ ആക്കി മാറ്റുന്നതു, സദാചാരവാദികൾ/രക്ഷിതാക്കൾ എന്നീ രൂപത്തിലവതരിക്കുന്ന നംബർ വൺ പീപിംഗ്‌ ടോമുകൾ ആണു. മാനഭംഗത്തിനെ ഒരു ട്രോമ ആക്കി നിർത്തിയിലെങ്കിൽ ലിബറലുകൾക്കു രക്ഷിതാവു കളിക്കുവാൻ പറ്റുമോ?

ഇതെ ലിബറൽ സദാചാരതിന്റെ മറ്റൊരു രൂപം ലൈംഗിക തൊഴിലിനെതിരെ സാവിത്രീ ലക്ഷ്മണൻ, മീനാക്ഷി തംബാൻ തുടങ്ങിയ 'കുലീന' സ്ത്രീകൾ നടത്തിയ ചില നിരീക്ഷണങ്ങളിൽ കാണാം. ഒരു ച്യാച്ചിയുടെ അഭിപ്രായത്തിൽ, ലൈംഗിക തൊഴിലാളികൾ മാനുഷിക അവകാശങ്ങൽ അർഹിക്കുന്നവരല്ല, കാരണം അവർ മറ്റുള്ളവർക്കു കിടന്നു കൊടുക്കുന്നതു സുഖിക്കുവാനാണു. അതിനു ഒരു ലൈംഗിക തൊഴിലാളി ത്രിശൂരിൽ വച്ചു നല്ല മറുപടിയും കൊടുത്തു: "ച്യാച്ചി സുഖിക്കുവാൻ ലൈംഗികതൊഴിൽ ചെയ്യുന്നുണ്ടൊ എന്നു എനിക്കറിയില്ല, ഞാൻ കാശിനു വേണ്ടിയാണു അതു ചെയ്യുന്നതു." ഭും. ഇനി ലൈംഗികതൊഴിൽ ചെയ്യുന്നതു സുഖിക്കുവാനാണു എന്നു തന്നെ വക്കുക, അതിലെന്താണിത്ര കുഴപ്പം? വിക്റ്റോറിയൻ ക്രിസ്റ്റ്യാനിറ്റിയുടെ സദാചാര ക്രിമികടി? ഇവർ മഹാന്മാരായി വാഴ്ത്തുന്ന പല പുരാണകഥാപാത്രങ്ങളും, കള്ള വെടിയുടെ, വിവാഹ പൂർവ്വരതിയുടെ, ബഹുഭാര്യ്ത്വത്തിന്റെ, ബഹുഭർത്ത്രിത്വത്തിന്റെ, കുണ്ടനടിയുടെ, ചട്ടിയടിയുടെ, എന്തിനു മ്രിഗരതിയുടെ, വരെ ആശാന്മാരയിരുന്നു, ആശാത്തിമാരായിരുന്നു. മറ്റുള്ളവരുടെ മെക്കിട്ടു കയറുവാൻ, സ്വന്തം പൗരാണിക ലോകം സമ്മതിക്കുന്നില്ല എങ്കിൽ, ക്രിസ്തീയം എങ്കിൽ ക്രിസ്തീയം, ആരുടെ ലോകവീക്ഷണം ഉപയോഗിച്ചായാലും, മറ്റുള്ളവരെ നന്നാക്കി സ്വന്തം തറവാടിത്വം തെളിയിക്കണം.

നമ്മൾ ചെയ്യുന്ന എല്ല പ്രവർത്തിയും സുഖിക്കുവാൻ ആയി ഉള്ളതല്ലേ? ച്യാച്ചി വിവാഹം കഴിച്ചതും സുഖിക്കാൻ ആയി അല്ലേ? അതിന്റെ പേരിൽ, ച്യാച്ചിക്കു, വിവാഹത്തിനകത്തു മാനുഷികാവകാശങ്ങൽ നിഷേധിച്ചാൽ, അപ്പോഴും ച്യാച്ചി 'സുഖിപ്പിക്കൽ സിദ്ധാന്തം' എഴുന്നള്ളിക്കുമോ?

ചിലരെ 'തറവാടി'കളായും, മറ്റു ചിലരെ 'തറവെടി'കളായും മാറ്റുന്നതു ഒരേ സദാചാര നാണയത്തിന്റെ രണ്ടു വശങ്ങൽ മാത്രമല്ലേ? തറവാടി ഇല്ലങ്കിൽ തറവെടി ഇല്ല. തറവെടി ഇല്ലങ്കിൽ തറവാടി ഇല്ല. രണ്ടുപേരും ഇല്ലങ്കിൽ രക്ഷിതാക്കൾ തീരെ ഇല്ല!

സ്വയം വലിയവരായി മറ്റുള്ളവരെ രക്ഷിക്കുവനുള്ള ഈ ലിബറൽ അഹന്തുക്കു മുൻപിൽ ഞാൻ ജെഫ്രി ഹിൽ എന്ന അസാധ്യ കവിയുടെ ഒരു ചെറിയ കവിത (Ovid in the Third Reich) എടുത്തെഴുതട്ടെ:

I love my work and my children. GodIs distant, difficult. Things happen.Too near the ancient troughs of bloodInnocence is no earthly weapon.I have learned one thing: not to look downSo much on the damned. They, in their sphere,Harmonize strangely with the divineLove. I, in mine, celebrate the love-choir.

തേഡ്‌ റെയ്കിലെ നാറ്റ്സി ഭീകരത, നാറ്റ്സിസവും ആയി യാതൊരു വിധത്തിലും ബന്ധമില്ലാത്ത ഈ കവി, സ്വന്തം ഭീകരതയായി ആണു തിരിച്ചറിഞ്ഞതു. എന്റെ ജീവിതം, എന്റെ പ്രിവിലിജുകൾ, എന്റെ മോഡ്‌ ഓഫ്‌ ലൈഫ്‌, എല്ലാം ഞാൻ അറിയാതെ എന്റെ ഇരകളെ സ്രിഷ്ടിക്കുന്നുണ്ടു എന്നു തിരിച്ചരിഞ്ഞ ഹിൽ, ലിബറലുകളെ പോലെ സാമൂഹ്യ തിന്മയെ ഒരു പ്രത്യേക ശരീരത്തിലേക്കു ചുരുക്കുകയല്ല ചെയ്തതു. മറിച്ചു ഇരകളൊടു സിംബതി കാണിച്ചു ഇരകളേക്കൽ മഹാന്മാരാനു തങ്ങൾ എന്നു സ്വന്തം ഈഗോ ഇൻഫെയ്റ്റു ചെയ്യുന്ന ആ ലിബറൽ ഗെയിം അദ്ദേഹം ഉപേക്ഷിച്ചു. ആരും എന്റെ സിംബതി അർഹിക്കുവാൻ മാത്രം ഞാൻ അവരേക്കാളും ഒട്ടും കേമനല്ല. മുസ്ലിം സ്ത്രീ പഴഞ്ചൻ ശീലങ്ങൾക്കു നിർബന്ധിതരാക്കപെടുന്നുണ്ടു എങ്കിൽ എന്തു, ഞാനും വെറെ പല അവസരങ്ങളിലും പഴഞ്ചൻ നിർബന്ധങ്ങൾക്കു വഴങ്ങുന്നുണ്ടു. ലൈംഗിക തൊഴിലാളി കിടക്കയിൽ മറ്റൊരാൾക്കുവേണ്ടി മനസും ശരീരവും വിൽക്കുന്നു എങ്കിൽ എന്തു, എന്റെ പണിസ്ഥലത്തിൽ ഞാനും മറ്റൊരാൾക്കുവേണ്ടി എന്റെ ശരീരവും മനസും വിൽക്കുന്നുണ്ടു. മറ്റുള്ളവരുടെ ജീവിതം തുലഞ്ഞതാണു എന്നു വിലയിരുത്തുവാൻ ഞാൻ ആരാണു? മറ്റുള്ളവരുടെ പോലെ തുലഞ്ഞതല്ലേ എന്റെ ജീവിതാവസ്ഥയും?

അല്ലങ്കിൽ, ഹില്ലിനെ പോലെ, കുറെക്കൂടി റാഡിക്കലായി നമുക്കു പറയാം: മറ്റുള്ളവർ, അവരുടെ (തുലഞ്ഞ) മണ്ഠലത്തിൽ, ദൈവസ്നേഹവുമായി താളലയത്തിലാകുന്നുണ്ടു. നമ്മൾക്കു, നമ്മുടെ മണ്ഠലത്തിൽ, ഗായകസംഘത്തെ ആഘോഷിക്കാം.

Who are we to look so much down upon the damned?

2 comments:

  1. നല്ല പോസ്റ്റ്... ഒരു കുപ്പി ഡെറ്റോള്‍ വാങ്ങി കൊണ്ടു വന്നു കഴുകികളഞ്ഞാല്‍ തീരുന്നതേയുള്ളൂ ഏതൊരു ബലാത്സംഗവും.. പക്ഷെ ഒരു ടാങ്കര്‍ ഡെറ്റോള്‍ ഒഴിച്ച് കഴുകിയാലും പോകുന്നതല്ല ആശ്വാസ വാകുമായി എത്തുന്ന ഹിപ്പോ ക്രാട്ടിന്റെ മനസ്സിലെകറ ....
    പിന്നെ , സദാചാരങ്ങളില്ലെങ്കില്‍ ദുരാചാരങ്ങളും ഉണ്ടാവില്ലല്ലോ...

    ReplyDelete
  2. hello,
    puutinu peera pole zizek hegel lacan kokkan ennu uruvidunnudengillum adisthanaparamayi aasayangal Mathew P.M. Vellur Chettante thanney!!!!!sookshikkuka vellurum davidum adangunna groupil angaye koodi cherthu PSYCHO MANDATHRAYM roopapeduthan sadhyatha undu!!!! avar pinneyum bhedhamanuu karanna shishekum kokkanum onnum vayyikathe annallo ithellam thatti vidunnathu!!!!

    ReplyDelete